National
ന്യൂഡൽഹി: കേരളത്തിലെ എസ്ഐആർ മാറ്റിവക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. ബിഎൽഒമാരുടെ മരണം എസ്ഐആറിലെ ജോലി ഭാരം കൊണ്ടല്ലെന്നും എസ്ഐആറിനെതിരായ ഹർജികൾ തള്ളണമെന്നും ആവശ്യപ്പെട്ട് കമ്മീഷൻ സുപ്രീംകോടതിയിൽ സത്യാവാംഗ്മൂലം നൽകി.
എസ്ഐആർ തദ്ദേശ തെരഞ്ഞെടുപ്പിന് തടസമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. കേരളത്തിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച സമയത്ത് നിലവിലെ സാഹചര്യം വ്യക്തമാക്കി സത്യവാംഗ്മൂലം നൽകാൻ സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.
തദ്ദേശഭരണ തെരഞ്ഞെടുപ്പും എസ്ഐആർ നടപടികളും ഒന്നിച്ചു മുന്നോട്ടു പോകുകയാണ്. തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായി. 81 ശതമാനം എന്യുമറേഷൻ ഫോമും ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. എസ്ഐആറിനും തദ്ദേശ തെരഞ്ഞെടുപ്പിനും വ്യത്യസ്ത ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശാസ്തമംഗലത്തെ ബിജെപി സ്ഥാനാര്‍ത്ഥി ആര്. ശ്രീലേഖ ഐപിഎസിന്റെ പേരിനൊപ്പമുള്ള ഐപിഎസ് ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്.
റിട്ടയേര്‍ഡ് എന്ന് ചേര്‍ക്കാമെന്നാണ് കമ്മീഷന്റെ തീരുമാനം. ആര്.ശ്രീലേഖ ഐപിഎസ് എന്നെഴുതിയതെല്ലാം കമ്മീഷന് മായ്ചു കളയാന്‍ നിര്‍ദേശിച്ചു. അതേസമയം ഐപിഎസ് ഇല്ലെങ്കിലും തന്നെ ജനങ്ങള്‍ക്കറിയാമെന്ന് ആര്. ശ്രീലേഖ പ്രതികരിച്ചു.
National
ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം തുടരുന്നതിന് തടസമില്ലെന്ന് സുപ്രീംകോടതി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ വോട്ടർപട്ടിക പരിഷ്കരണം നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നല്കിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
അതേസമയം, ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചില്ല. കേരളത്തിന്റെ കേസ് ഡിസംബര്‍ രണ്ടിന് പരിഗണിക്കും. എസ്ഐആറിൽ കേരളത്തിന്റെ സാഹചര്യം വ്യത്യസ്തമാണെന്ന് നീരീക്ഷിച്ച കോടതി കേരളത്തിന്റെ ഹര്‍ജിയില്‍ ഇടപെടണോ എന്ന് അന്നു തീരുമാനിക്കാമെന്നും അറിയിച്ചു. കേരളത്തിലെ വിഷയത്തിൽ തിങ്കളാഴ്ചയ്ക്കുള്ളിൽ സത്യവാങ് മൂലം നൽകണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്കി.
എന്നാൽ കേരളത്തിൽ രാഷ്ട്രീയപാർട്ടികളാണ് പ്രശ്നം ഉണ്ടാക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ വാദിച്ചത്. നടപടികൾ വേഗത്തിൽ നടക്കുകയാണെന്നും ആവശ്യമെങ്കിൽ സത്യവാംഗ്മൂലം സമർപ്പിക്കാമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. എന്നാൽ കമ്മീഷൻ പറയുന്നതല്ല സാഹചര്യമെന്നായിരുന്നു കേരളത്തിന്റെ എതിർവാദം.
Kerala
കോട്ടയം : പൊതുസ്ഥലത്തെ പ്രചാരണബോര്‍ഡ് പിടിച്ചെടുത്താല്‍ സ്ഥാനാര്‍ഥികളെ കാത്തിരിക്കുന്നത് പിഴ. പിഴ കൂടിയാലോ വരാന്‍ പോകുന്നത് എട്ടിന്റെ പണിയും. പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലത്തുനിന്ന് സ്ഥാനാര്‍ഥിയുടെ പ്രചാരണബോര്‍ഡ് പിടിച്ചെടുത്താല്‍ ഒരെണ്ണത്തിന് 5,000 രൂപയും അതു എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയുമാണ് പിഴ.
ഇത്തരത്തില്‍ അഞ്ച് ബോര്‍ഡുകള്‍ പിടിച്ചെടുത്താല്‍ സ്ഥാനാര്‍ഥികള്‍ക്ക് ജയിച്ചാലും പരമാവധി ചെലവഴിക്കാവുന്ന തുക മറികടക്കുന്നതോടെ അയോഗ്യതയ്ക്ക് കാരണമാകും. ബോര്‍ഡ് എടുത്തുമാറ്റുന്ന സാഹചര്യമുണ്ടായാല്‍ 5,000 രൂപയും എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയുമാണ് പിഴ. ഇത് സ്ഥാനാര്‍ഥിയുടെ ചെലവിലാണ് ഉള്‍പെടുത്തുക.
പിഴയ്ക്ക് പുറമെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്യും. അഞ്ച് ബോര്‍ഡ് എടുത്തു മാറ്റിയാല്‍ പഞ്ചായത്തിലെ സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാവുന്ന തുകയായ 25,000 രൂപ മറികടക്കും. തെരഞ്ഞെടുത്താലും ഇതോടെ സ്ഥാനാര്‍ഥിക്ക് അയോഗ്യതയുണ്ടാകും. ബ്ലോക്കിലും നഗരസഭയിലും 75,000 രൂപയും ജില്ലയിലും കോര്‍പറേഷനിലും 1,50,000 രൂപയുമാണ് സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാനാകുന്ന പരമാവധി തുക.
ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ ജീവനക്കാരുടെ സ്ക്വാഡുകള്‍ രൂപവത്കരിച്ചാണ് ഇത്തരം ബോര്‍ഡുകള്‍ പിടിച്ചെടുക്കാനുള്ള പരിശോധന നടത്തുന്നത്. പൊതുസ്ഥലത്ത് അനധികൃതമായി ബോര്‍ഡുകള്‍, ഫ്ലക്സുകൾ, ബാനറുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ പാടില്ലെന്നും ഇത്തരത്തിലുള്ളവ കണ്ടെത്തിയാല്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ പിഴ അടയ്ക്കേണ്ടി വരുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
പൊതുസ്ഥലത്ത് സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ എടുത്തു മാറ്റുന്നതിന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ നീക്കം തുടങ്ങിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായതിനു പിന്നാലെ മത്സരരംഗത്തുള്ളവരുടെ അന്തിമ കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. 50709 പുരുഷന്മാരും 56501 പേര് സ്ത്രീകളുമുൾപ്പടെ 107210 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്.
2479 നാമനിര്‍ദേ പത്രികകള്‍ തള്ളിയതായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കാസര്‍ഗോഡ് 4363, കണ്ണൂര്‍ 8140, വയനാട് 3164, കോഴിക്കോട് 9998, മലപ്പുറം13362, പാലക്കാട് 10162, തൃശൂര്‍ 10998, എറണാകുളം 9545, ഇടുക്കി 4093, കോട്ടയം 6218, ആലപ്പുഴ 7193, പത്തനംതിട്ട 4219, കൊല്ലം 7168, തിരുവനന്തപുരം 8587 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം.
തിങ്കളാഴ്ച ഉച്ചയ്ക്കു മൂന്നുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം. ഇതിനു ശേഷമാകും തദ്ദേശപ്പോരിന്റെ അന്തിമചിത്രം തെളിയുക. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതിനുശേഷം റിട്ടേണിംഗ് ഓഫീസർ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക.
സ്ഥാനാർഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. അതത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. വെള്ളിയാഴ്ച പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചിരുന്നു.
സംസ്ഥാനത്താകെ 1,64,427 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിച്ചിരിക്കുന്നത്. 19, 959 പത്രികളാണ് മലപ്പുറത്ത് ലഭിച്ചത്.
National
ന്യൂഡൽഹി: കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ലെന്ന് സുപ്രീം കോടതി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച സുപ്രീം കോടതി ഹർജികൾ 26 ന് വിശദമായി പരിഗണിക്കാൻ മാറ്റി. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ കേരളത്തിലെ ഹർജികൾ പ്രത്യേകം പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്.
ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി.
നേരത്തെ ബിഹാറിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികളിൽ സ്റ്റേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.
Kerala
തിരുവനന്തപുരം: മുട്ടടയിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തിരുവനന്തപുരത്തെ പ്രധാന സിപിഎം നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കാന്‍ കമ്മീഷന് തയാറാകണം. അന്വേഷണം നടത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. ഗൂഢാലോചനയില്‍ പങ്കാളിയായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്നും വി.ഡി. സതീശന് പറഞ്ഞു.
National
ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) അടിയന്തരമായി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. അതേസമയം, ഏതു ബെഞ്ചാണ് ഹർജി പരിഗണിക്കുക എന്ന് വ്യാഴാഴ്ച അറിയാം.
സംസ്ഥാന സർക്കാരും സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തരമായി ഹർജി പരിഗണിക്കണമെന്നാണ് ആവശ്യം. ഇതേത്തുടർന്നാണ് വെള്ളിയാഴ്ച പരിഗണിക്കാൻ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്.
എസ്ഐആറിൽ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്കുവേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആയിരുന്നു. എന്നാൽ, മെൻഷനിംഗിൽ മുതിർന്ന അഭിഭാഷകരെ കേൾക്കാറില്ലെന്ന കാര്യം ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടിയതോടെ, അദ്ദേഹം ഹാരിസ് ബീരാനെ മെൻഷനിംഗിനായി മുന്നോട്ട് നീക്കിനിർത്തുകയായിരുന്നു.
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കുവേണ്ടിയാണ് രാജ്യസഭാ അംഗം കൂടിയായ ഹാരിസ് ബീരാൻ ഹാജരായത്. ഇതിനിടെ എല്ലാ ഹർജികളും ഒരുമിച്ച് കേൾക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ജി. പ്രകാശ് ഉന്നയിച്ചു. ഇതും കോടതി അംഗീകരിച്ചു.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) നടപ്പാക്കിയേ തീരൂവെന്നും ഇത് ഭരണഘടനാപരമായ ചുമതലയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍. എല്ലാവരുടെയും പങ്കാളിത്തം വേണം. ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ (ബിഎല്‍ഒ) ജനങ്ങളും വില്ലേജ് ഓഫീസർമാരുമടക്കം സഹായിക്കണം. ബിഎൽഒമാരുടെ പ്രയാസം പരിഹരിക്കും. കളക്ടർമാരുടെ യോഗം എല്ലാ ദിവസവും ചേരുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഫോം വിതരണം വേഗത്തിൽ പൂർത്തിയാക്കുമെന്നും രത്തൻ ഖേൽക്കർ അറിയിച്ചു. 97 ശതമാനത്തിലധികം ഫോം വിതരണം ചെയ്തു. അഞ്ചുലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്തെന്നും അദ്ദേഹം വിശദമാക്കി.
നിലവിലെ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ക്കും ഭരണഘടനാ വിധികള്‍ക്കും അനുസരിച്ച് മാത്രമാണ് വോട്ടര്‍പട്ടിക തീവ്രപരിശോധന നടക്കുന്നത്. ഇതില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും വിട്ടുവീഴ്ചയില്ല. കമ്മിഷനെ സംബന്ധിച്ച്, ബിഎല്‍ഒ എന്നത് ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥനാണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബൂത്ത് ലെവല്‍ പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത് ഇവരാണ്. ബിഎല്‍ഒമാര്‍ക്ക് മേലുള്ള എല്ലാ ഉത്തരവാദിത്വവും തിരഞ്ഞെടുപ്പ് കമ്മിഷന് മാത്രമായിരിക്കും. അവരുടെ പ്രവര്‍ത്തനഫലമായാണ് സംസ്ഥാനത്തെ എസ്ഐആര്‍ നടപടികള്‍ നല്ലൊരു ശതമാനം പൂര്‍ത്തിയാക്കാനായതെന്നും ഖേല്‍ക്കര്‍ പറഞ്ഞു.
അതേസമയം, ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പല ജില്ലകളില്‍നിന്നും പരാതി ലഭിച്ചിട്ടുണ്ട്.
വളരെ പ്രാധാന്യമുള്ള ചുമതല നിര്‍വഹിക്കുന്ന ബിഎല്‍ഒമാരെ തടസപ്പെടുത്തിയാല്‍ ഭാരതീയ ന്യായ് സംഹിതയുടെ 121ാം വകുപ്പ് പ്രകാരം കേസെടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.
നന്നായി പ്രവര്‍ത്തിക്കുന്ന ബിഎല്‍ഒമാര്‍ക്കെതിരെ വ്യാജവാര്‍ത്തകളും സമൂഹമാധ്യമ പ്രചാരണവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും രത്തൻ കേൽക്കൽ പറഞ്ഞു. കണ്ണൂരിലെ ബിഎൽഒ അനീഷ് ജോർജിന്റെ മരണത്തിൽ കമ്മീഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
എല്ലാ സഹായവും കുടുംബത്തിനുണ്ടാകും. ആലപ്പുഴ കളക്ടറുടെ സമ്മർദ്ദമെന്ന പരാതി പരിശോധിക്കുമെന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
National
ന്യൂഡൽഹി: വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണം (എസ്ഐആര്‍) ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. രാവിലെ 10.30ന് ഇന്ദിരാഭവനിലാണ് യോഗം.
പിസിസി അധ്യക്ഷന്മാരും, നിയമസഭാ കക്ഷി നേതാക്കളും, സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കള്‍ എന്നിവരാണ് യോഗത്തിനെത്തുക. കേരളം ഉള്‍പ്പെടെ ഒമ്പതു സംസ്ഥാനങ്ങളിലെയും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലെയും നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. എസ്ഐആറുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം.
വോട്ട് കൊള്ളയും എസ്ഐആറിലെ ക്രമക്കേടുകളും ചര്‍ച്ച ചെയ്യുന്നതിനൊപ്പം എസ്ഐആറിനെതിരായ തുടര്‍ പ്രതിഷേധ പരിപാടികള്‍ക്കും യോഗം രൂപം നല്‍കും.
Kerala
തിരുവനന്തപുരം: സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കുന്നതിന് സമയം നീട്ടി നല്‍കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. സമയക്രമം മാറ്റി നല്‍കില്ല. എന്യൂമെറേഷന്‍ ഫോം വിതരണവും, വോട്ടര്‍മാരുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതും ഡിസംബര്‍ നാലിനകം പൂർത്തിയാക്കണം.
നേരത്തെ നിശ്ചയിച്ച സമയത്തില്‍ മാറ്റം വരുത്തണമെങ്കില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമുണ്ടാകണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍മാരെ അറിയിച്ചിട്ടുള്ളത്. എസ്ഐആറിനെതിരായ പ്രതിക്ഷേധം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുക്കില്ല. ചില ബിഎൽഒമാർ ജോലി പൂർത്തിയാക്കിയെന്നും കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, ഫോം അപ്ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ വൈഫൈ സൗകര്യമുള്ള ഇടങ്ങൾ സജ്ജമാക്കണമെന്ന് കളക്ടർമാർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂർ പയ്യന്നൂരിൽ ജോലി സമ്മർദത്തെ തുടർന്ന് ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയതിന് പിന്നാലെ എസ്ഐആറുമായി ബന്ധപ്പെട്ട് ബിഎൽഒമാർ നേരിടുന്നത് വലിയ സമ്മർദമാണെന്ന് വാർത്തകൾ വന്നിരുന്നു. പിന്നാലെ സമാന അനുഭവങ്ങൾ പങ്കുവെച്ച് ബിഎൽഒമാർ രംഗത്തെത്തിയിരുന്നു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ എസ്ഐആര്‍ തടയണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ ഹർജി നല്‍കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ പരാതിയെത്തുടർന്ന് വോട്ടർ പട്ടികയിൽനിന്നു പേരു നീക്കം ചെയ്യപ്പെട്ട വൈഷ്ണ സുരേഷിന്റെ തെരഞ്ഞെടുപ്പ് കമ്മീഷന് ഹിയറിംഗ് ഇന്ന് നടക്കും. വൈകുന്നേരം മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസില്‍ നേരിട്ടു ഹാജരാകാന്‍ വൈഷ്ണയ്ക്കും പരാതിക്കാരന് ധനേഷ് കുമാറിനും നോട്ടിസ് ലഭിച്ചു.
തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായ വൈഷ്ണ സുരേഷ് തന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വൈഷ്ണയുടെ ഹർജിയില്‍ ഹൈക്കോടതി നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ നടപടി.
കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർഥിപ്പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു നിയമവിദ്യാർഥിയായ വൈഷ്ണ സുരേഷ്. ജനറൽ വാർഡായ മുട്ടടയിൽ മത്സരിക്കാനാണ് കോണ്‍ഗ്രസ് വൈഷ്ണയെ നിയോഗിച്ചത്. എന്നാൽ വൈഷ്ണയുടെ വീട്ടുനന്പർ തെറ്റാണെന്നു കാട്ടി സിപിഎം മുട്ടട ബ്രാഞ്ച് കമ്മിറ്റിയംഗം പരാതി നല്‍കുകയും ഈ പരാതിയുടെ അടിസ്ഥാനത്തിൽ അന്തിമ വോട്ടർപട്ടികയിൽനിന്ന് വൈഷ്ണയുടെ പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്യുകയുമായിരുന്നു.
അതേസമയം, വോട്ടർ പട്ടികയിൽ വീട്ടുനന്പർ തെറ്റായി രേഖപ്പെടുത്തിയതിൽ വീഴ്ച വരുത്തിയത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ഇതിൽ തനിക്ക് നീതിനിഷേധിക്കരുതെന്നാവശ്യപ്പെട്ട് വൈഷ്ണ കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി വിഷയത്തിൽ അടിയന്തരമായി അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന നിർദേശവും നല്കി.
ഇതോടെയാണ് രണ്ടു ദിവസമായി ആശങ്കയിലായിരുന്ന മുട്ടടയിലെ യുഡിഎഫ് ക്യാന്പ് വീണ്ടും സജീവമായത്. കോടതി ഉത്തരവിനു പിന്നാലെ ഇന്നു നടക്കുന്ന ഹിയറിംഗിനു ശേഷം വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് യുഡിഎഫും വൈഷ്ണയും.
തന്റെ വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് ഇവയിലെല്ലാം ഒരേ വിലാസമാണെന്നും ഇക്കാര്യങ്ങളെല്ലാം സമർപ്പിച്ചിട്ടും വോട്ടർ പട്ടികയിൽനിന്ന് പേരു നീക്കം ചെയ്തെന്നും വൈഷ്ണ പറഞ്ഞു.
National
ന്യൂഡല്‍ഹി: കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ അടിയന്തരമായി നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. ഇതിനിടയില്‍ എസ്ഐആര്‍ നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും അതിനാല്‍ എസ്ഐആര്‍ നടപടികള്‍ അടിയന്തരമായി നിർത്തിവയ്ക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
എസ്ഐആര്‍ നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് സമ്മര്‍ദം താങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഹർജിയിൽ കണ്ണൂർ പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജീവനൊടുക്കിയ സംഭവവും പരാമർശിക്കുന്നുണ്ട്.
രാജ്യസഭാംഗവും അഭിഭാഷകനുമായ ഹാരിസ് ബീരാന് ആണ് ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സപ്ലിമെന്ററി വോട്ടർ പട്ടിക പുറത്തിറക്കി. 2,67,587 വോട്ടുകൾ പുതുതായി ചേർത്തപ്പോൾ 34,745 വോട്ടുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ആകെ 2.86 കോടി വോട്ടർമാരാണ് ലിസ്റ്റിലുള്ളത്.
ഇന്നലെ അർദ്ധരാത്രിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വരേണ്ടിയിരുന്ന പട്ടികയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ആരംഭിച്ചു.
21ന് പത്രികാ സമർപ്പണത്തിനുള്ള സമയപരിധിഅവസാനിക്കും. തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട മാതൃകാ പെരുമാറ്റ സംഹിത സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു.
National
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ മൂന്നു ലക്ഷം പേർ അധികമായി വോട്ടു ചെയ്തുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. എസ്ഐആറിന് ശേഷം പുറത്തിറക്കിയ അന്തിമപട്ടികയിൽ 7.42 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്.
അതിനുശേഷം മൂന്നു ലക്ഷം പേർ കൂടി പേരു ചേർത്തുവെന്നും അങ്ങനെയാണ് 7.45 കോടി വോട്ടർമാരായതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അന്തിമവോട്ടർപട്ടിക പുറത്തിറക്കിയതിനു ശേഷം പത്തുദിവസം പേരു ചേർക്കാൻ അവസരമുണ്ടായിരുന്നു.
അങ്ങനെയാണ് 7.45 കോടി വോട്ടർമാരായത്. വോട്ടർമാരുടെ എണ്ണത്തെ വോട്ടു ചെയ്തവരെന്ന് വ്യാഖ്യാനിച്ചതാണ് വിവാദത്തിന് കാരണമെന്നും കമ്മീഷൻ അറിയിച്ചു. യോഗ്യതയുള്ള ഒരു വോട്ടർക്കും അവസരം നഷ്ടപ്പെടാതിരിക്കാനാണ് പേരുകൾ കൂട്ടിച്ചേർത്തതെന്നും കമ്മീഷൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേവൂസ് ദേവാല തിരുനാളിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പ്രഖ്യാപിച്ച പ്രാദേശിക അവധിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റംവരുത്തി.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രവർത്തിക്കും. തിരുവനന്തപുരം, നെയ്യാറ്റിൻകര, താലൂക്കുകളിലെയും കാട്ടാക്കട താലൂക്കിലെ 10 വില്ലേജുകളുടെ പരിധിയിലെ സർക്കാർ സ്ഥാപനങ്ങളെ അവധിയിൽ നിന്ന് ഒഴിവാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
തിരുനാൾ പ്രമാണിച്ച് ഈ പ്രദേശങ്ങളിലെ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. വോട്ടർമാർക്കും സ്ഥാനാർഥികൾക്കുമായുള്ള മാർഗനിർദേശങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്. ഇതു പ്രകാരം വോട്ടർമാർക്ക് പോളിംഗ് ബൂത്തിൽ ഹാജരാക്കാനാകുന്ന തിരിച്ചറിയൽ രേഖകളുടെ പട്ടികയും കമ്മീഷൻ പുറത്തുവിട്ടിട്ടുണ്ട്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്ന് ആറുമാസത്തിനമു മുമ്പ് നല്കിയ ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കാം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. ഇത്തവണ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടത്തുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ ഒമ്പതിനും മറ്റു ജില്ലകളിൽ ഡിസംബർ 11നുമാണ് പോളിംഗ് നടക്കുന്നത്. ഡിസംബർ 13നാണ് വോട്ടെണ്ണൽ. ഡിസംബർ 18ന് പ്രക്രിയ പൂർത്തിയാക്കി 20ന് പുതിയ ഭരണസമിതി നിലവിൽ വരും.
തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21നാണ്. പത്രികകളുടെ സൂക്ഷ്മപരിശോധന 22ന് നടക്കും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്.
തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം, മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. 12,035 സംവരണ വാർഡുകളുണ്ട്. 33,746 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ആകെ 2,84,30,761 വോട്ടർമാരാണുള്ളത്. 2,841 പേർ പ്രവാസി വോട്ടർമാരാണ്.
1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50,691 കണ്ട്രോള് യൂണിറ്റുകളുമുണ്ടാകും. 1,249 റിട്ടേണിംഗ് ഓഫീസര്‍മാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക.
സുരക്ഷയ്ക്കായി 70,000 പോലീസുകാരെയും നിയോഗിക്കും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക. തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുന്നില്ലെങ്കിലും മട്ടന്നൂരിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
സംസ്ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത് ഭരണസമിതികളിലെ ഭരണം -ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, കൊല്ലം കോർപ്പറേഷനുകൾ ഭരിക്കുന്നത് എൽഡിഎഫാണ്. കണ്ണൂരിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ ആകെയുള്ള 87 നഗരസഭകളിൽ 44 എണ്ണം ഭരിക്കുന്നത് എൽഡിഎഫാണ്.
യുഡിഎഫ് ഭരിക്കുന്നത് 41 നഗരസഭകളിലും. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്.14 ജില്ലാ പഞ്ചായത്തുകളിൽ ഇടത് ഭരണമുള്ളത് 11 ഇടത്താണ്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും.
എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്.
ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതിൽ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എൻഡിഎ ഭരണമുള്ളത് 12 പഞ്ചായത്തുകളിലാണ്. മറ്റുള്ളവർ ഏഴ് പഞ്ചായത്തുകൾ ഭരിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ആദ്യഘട്ടം 25നുള്ളിൽ കേരളത്തിൽ പൂർത്തിയാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.കേൽക്കർ. ആദ്യഘട്ടമായ എന്യൂമറേഷൻ ഫോം വിതരണം 25നുള്ളിൽ പൂർത്തിയാക്കും.
എന്യൂമറേഷൻ ഫോം വിതരണത്തിൽ ആറാം ദിവസമായ ഞായറാഴ്ചയും നല്ല പുരോഗതിയുണ്ടായി. 25നുള്ളിൽ എന്യൂമറേഷൻ ഫോം വിതരണം ബിഎൽഒമാർ പൂർത്തീകരിക്കണം. ബിഎൽഒമാരുടെ പ്രകടനം ഇആർഒമാരും എഇആർഒമാരും ബിഎൽഒ സൂപ്പർവൈസർമാരും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം ജില്ലാ കളക്ടർമാർ ഉറപ്പു വരുത്തണം. ഇതുവരെ ഏകദേശം 64,45,755 പേർക്ക് (23.14%) എന്യൂമറേഷൻ ഫോം വിതരണം ചെയ്തുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
National
ന്യൂഡൽഹി: ഹരിയാനയിൽ വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടായെന്ന ആരോപണത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്. ആരോപണത്തിൽ രേഖാമൂലം പരാതി നൽകണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
ബുധനാഴ്ചയാണ് ഹരിയാനയിൽ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടന്നുവെന്നും കോൺഗ്രസിനെ തോൽപ്പിക്കാൻ വൻ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് രാഹുൽ രംഗത്തെത്തിയത്.
അതേസമയം രാഹുൽ ഗാന്ധി നടത്തിയ ഓപ്പറേഷൻ സർക്കാർ ചോരി ആരോപണത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി ഹരിയാനയിലെ വോട്ടര്‍ രംഗത്തെത്തി. രാഹുൽ ഗാന്ധി പരാമർശിച്ച 'സ്വീറ്റി' യഥാർഥ വോട്ടറെന്നാണ് റിപ്പോർട്ട്.
Kerala
തിരുവനന്തപുരം: തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ സംവരണ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ചു. ആറില്‍ മൂന്ന് കോര്‍പ്പറേഷനുകളില്‍ വനിതാ സംവരണമാണ്. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലാണ് വനിതകള്‍ മേയര്‍ സ്ഥാനത്തെത്തുക.
ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടത്ത് വനിതകള്‍ക്കും ഒരിടത്ത് പട്ടികജാതി വിഭാഗത്തിനുമാണ് അധ്യക്ഷസ്ഥാനത്തിന് സംവരണമേര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളിലാണ് വനിതാ സംവരണം.
എറണാകുളത്ത് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള അംഗത്തിനാണ് സംവരണമേര്‍പ്പെടുത്തിയിരിക്കുന്നത്. മുനിസിപ്പാലിറ്റികളില്‍ 44 അധ്യക്ഷ സ്ഥാനങ്ങള്‍ വനിതകള്‍ക്കും ആറെണ്ണം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒരെണ്ണം പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്.
National
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഓപ്പറേഷൻ സർക്കാർ ചോരി ആരോപണത്തിൽ മറുപടിയുമായി ബിജെപി. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് പരാതി നൽകാതെ രാഹുൽ ഗാന്ധി കരയുകയാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
ഇതാണോ ആറ്റംബോംബെന്ന് ചോദിച്ച റിജിജു പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ചീത്ത വിളിക്കുകയാണെന്നും പറഞ്ഞു.
വോട്ടര്‍ പട്ടിക എല്ലാവര്ക്കും ലഭിക്കുന്നതാണ്. പരാതി ഉണ്ടെങ്കിൽ അറിയിക്കാൻ വ്യവസ്ഥയുണ്ട്. എസ്ഐആര്‍ ഇതാണ് ചെയ്യുന്നത്. ബിഹാറിൽ രാഹുൽ വന്ന് പ്രചാരണം നടത്തിയശേഷം സ്ഥാനാർഥികള്‍ തോൽവി ഭയക്കുകയാണ്.
ജനാധിപത്യത്തിൽ പരാജയം അംഗീകരിക്കുക മര്യാദയാണ്. രാഹുൽ നയിച്ചാൽ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നു. തെരഞ്ഞെടുപ്പിൽ ബിജെപി കഠിനമായി പരിശ്രമിക്കുന്നു. അതുകൊണ്ടാണ് വിജയിക്കുന്നത്.പോളിംഗ് ബൂത്തിൽ ഏജന്റുമാർ ഉണ്ടാകും. നിരീക്ഷകര്‍ ഉണ്ടാകും.ഇവർ നടപടികൾ നിരന്തരം പരിശോധിക്കുന്നതാണെന്നും കിരണ്‍ റിജിജു പറഞ്ഞു.
രാഹുൽ ഗാന്ധി വിദേശത്ത് അടക്കം പോയി രാജ്യത്തിനെതിരെ സംസാരിക്കുകയാണ്. കോൺഗ്രസ് ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചു.അപ്പോൾ എന്തുകൊണ്ട് ചോദ്യങ്ങൾ ഉണ്ടായില്ല? രാഹുൽ പത്രക്കാരുടെ സമയം കളയുകയാണ്. രാജ്യത്തെ യുവജനത മോദിക്ക് ഒപ്പമാണ്.രാജ്യവിരുദ്ധ ശക്തികൾക്കൊപ്പം രാഹുൽ ഗൂഢാലോചന നടത്തുകയാണ്. ഇത് നടക്കാൻ പോകുന്നില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.
National
ന്യൂഡല്‍ഹി: 2024-ലെ ഹരിയാന തെരഞ്ഞെടുപ്പില്‍ വലിയ ക്രമക്കേടുകള്‍ നടന്നെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബ്രസീലിയന്‍ മോഡലായ യുവതിയുടെ ചിത്രം ഉപയോഗിച്ച് ഹരിയാനയിലെ പത്തു ബൂത്തുകളിലായി 22 പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കപ്പെടുകയും വോട്ട് രേഖപ്പെടുത്തപ്പെടുകയും ചെയ്തുവെന്നും തെളിവുകള്‍ പുറത്തുവിട്ട് രാഹുല്‍ പറഞ്ഞു.
വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്യാന്‍ വഴിയൊരുക്കുകയായിരുന്നു. വലിയ ഗൂഢാലോചനയിലൂടെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എല്ലാ അഭിപ്രായ സര്‍വേയും എക്സിറ്റ് പോളുകളും പ്രവചിച്ച തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതെന്നും രാഹുല്‍ ആരോപിച്ചു.
ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് സ്വീറ്റി, സരസ്വതി, വിമല എന്നിങ്ങനെ വിവിധ പേരുകളിൽ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സൃഷ്ടിക്കപ്പെടുകയും പത്തു ബൂത്തുകളിലായി 22 വോട്ടര്‍മാരാണ് പട്ടികയിലുള്ളതെന്നും രാഹുൽ പറഞ്ഞു.
ഇത്തരത്തില്‍ ഹരിയാനയില്‍ അഞ്ചു വിഭാഗങ്ങളിലായി 25 ലക്ഷം കള്ളവോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടുവെന്നും രാഹുൽ ആരോപിച്ചു.
National
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഹാറിൽ വൻ ക്രമക്കേട് നടന്നതായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിഹാറിൽ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
വാർത്താമ്മേളനത്തിൽ ബിഹാറിലെ വോട്ടർമാരെ ഹാജരാക്കിയാണ് രാഹുൽ ക്രമക്കേട് ഉന്നയിച്ചത്. ഒരു ഗ്രാമത്തിലെ 187 വോട്ട് നീക്കം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷ നൽകിയിട്ടും പലരുടേയും വോട്ട് ചേർത്തില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
കമ്മീഷൻ തട്ടിപ്പ്
തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വൻ തട്ടിപ്പ് നടത്തിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളോട് പറഞ്ഞത് പച്ചക്കള്ളമാണ്. ജനാധിപത്യവ്യവസ്ഥയെ തകർക്കാൻ കമ്മീഷൻ കൂട്ടുനിന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി.
ഓപ്പറേഷൻ സർക്കാർ ചോരി
ഹരിയാനയിൽ നടന്നത് ഓപ്പറേഷൻ സർക്കാർ ചോരിയാണെന്ന് രാഹുൽ പറഞ്ഞു. ഹരിയാനയിൽ 25 ലക്ഷം കള്ളവോട്ടുകൾ നടന്നു. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
19 ലക്ഷത്തിലധികം ബൾക്ക് വോട്ടുകൾ നടന്നു. അഞ്ച് ലക്ഷത്തിലധികം വ്യാജവോട്ടുകളുണ്ടായി. 93174 തെറ്റായ വിലാസങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്ത്രീ നൂറ് തവണ വോട്ട് ചെയ്തു. മറ്റൊരു യുവതി 22 തവണ പത്ത് ബൂത്തുകളിലായി വോട്ട് ചെയ്തുവെന്നും രേഖകൾ പ്രദർശിപ്പിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ചൊവ്വാ, ബുധൻ ദിവസങ്ങളിൽ പേര് ചേർക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിനാണ് അവസരമുള്ളത്.
അനർഹരെ ഒഴിവാക്കുന്നതിനും, നിലവിലുള്ളവയിൽ ഭേദഗതി വരുത്തുന്നതിനും, സ്ഥാനമാറ്റം വരുത്തുന്നതിനും അപേക്ഷിക്കാം. പ്രവാസികൾക്കും പട്ടികയിൽ പേര് ചേർക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ തുടർനടപടി സ്വീകരിച്ച് സപ്ലിമെന്ററി പട്ടികകൾ 14ന് പ്രസിദ്ധീകരിക്കും.
ഇങ്ങനെ പ്രസിദ്ധീകരിച്ച പട്ടികയുടെ പകർപ്പുകൾ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സൗജന്യമായി നൽകും. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
National
ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ സമയക്രമം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നു പ്രഖ്യാപിച്ചേക്കും.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ഇന്നു വൈകുന്നേരം 4.15ന് നടത്തുന്ന വാർത്താസമ്മേളനത്തിൽ എസ്ഐആർ സമയക്രമം പ്രഖ്യാപിക്കുമെന്നാണ് സൂചന.
രാജ്യവ്യാപക എസ്ഐആർ നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകൾ കമ്മീഷൻ ഇതിനോടകം പൂർത്തിയാക്കിയതായാണു വിവരം. എന്നാൽ കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിനുമുന്പ് എസ്ഐആർ നടപ്പാക്കിയേക്കില്ല. പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കമ്മീഷന് കത്തയച്ചിരുന്നു.
എന്നാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പ് സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കിയേക്കും. കേരളത്തിനുപുറമെ ആസാം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്നത്.
നവംബർ ഒന്നുമുതൽ എസ്ഐആർ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ സംസ്ഥാനങ്ങളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
National
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താനായി തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും പങ്കെടുത്തേക്കുമെന്നാണ് സൂചന.
രണ്ടു ദിവസം നീണ്ടു നില്ക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അടക്കം വിലയിരുത്തും. അതിനുശേഷമാകും ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുക.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശനിയാഴ്ച ബിഹാര്‍ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കത്തിന് എതിരേ പ്രമേയം പാസാക്കി നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് പ്രമേയം കൊണ്ടുവന്നത്.
വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബിഹാറില്‍ നടന്ന എസ്ഐആർ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതുമാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ കാണുന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബിഹാര്‍ എസ്ഐആർ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെത്തന്നെ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു.
ദീര്‍ഘകാല തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ എസ്ഐആർ പോലുള്ള പ്രക്രിയ ഇത്തരത്തില്‍ തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു. കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കയാണ്. അത് കഴിഞ്ഞാലുടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശ്യപരമാണ്.
പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നവര്‍ എസ്ഐആറിനെ ഏതുവിധമാവും ഉപയോഗിക്കുക എന്നതും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളില്‍ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന് സുതാര്യമായി വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടത്തണം എന്ന് ഈ നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രമേയത്തെ പിന്തുണച്ചു. ലീഗ് എംഎല്‍എമാരായ യു. ലത്തീഫ്, എന്‍. ഷംസുദ്ദീന് എന്നിവര്‍ പ്രമേയത്തിന്മേല് ഭേദഗതികള്‍ അവതരിപ്പിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കും. ഡിസംബര്‍ 20ന് മുന്‍പ് തെരഞ്ഞെടുപ്പ് പ്രകിയ പൂര്‍ത്തിയാകുന്ന തരത്തിലാണ് നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുന്നത്. വോട്ടര്‍പട്ടിക ഒരിക്കല്‍ കൂടി പുതുക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കറുമായി ഇതു സംബന്ധിച്ച് ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷം തീയതികള്‍ നിശ്ചയിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍) നീട്ടിവയ്ക്കണമെന്നും കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ഐആറും തദ്ദേശ തെരഞ്ഞെടുപ്പും നടക്കുന്നത് ഒരേ അവസരത്തിലാണ്. രണ്ടും ചെയ്യേണ്ടത് ഒരേ ഉദ്യോഗസ്ഥരാണ്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും ഷാജഹാൻ പറഞ്ഞു.
National
ന്യൂഡൽഹി: ബിഹാർ എസ്ഐആറില്‍ തുടർന്നും പരാതികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നല്കി സുപ്രീം കോടതി. പരാതികൾ സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടെന്ന് വിമർശിച്ച കോടതി പരാതികൾ നല്കാൻ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ സഹായിക്കണമെന്നും നിർദേശിച്ചു.
കോടതി നിർദേശത്തിനു പിന്നാലെ, സെപ്റ്റംബർ ഒന്നിനു ശേഷവും പരാതികൾ സ്വീകരിക്കാമെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ തിരുത്തലുകൾക്ക് അവസരമുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
വിഷയത്തിൽ എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ വോട്ടർമാരെ സഹായിക്കുന്നതിന് പാരാ ലീഗൽ വോളണ്ടിയർമാരെ നിയോഗിക്കാൻ കോടതി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ബിഹാർ ലീഗൽ സർവീസ് അതോറിറ്റിയുടെ മുൻ ചെയർമാന് കോടതി നിർദേശം നല്കി.